ന്യൂഡൽഹി: മൂന്നു വർഷം മുന്‍പ് ഇന്ത്യൻ ഫാർമ കന്പനികൾ ഉത്പാദിപ്പിച്ച കഫ് സിറപ്പ് കഴിച്ചു എഴുപതിലധികം കുട്ടികൾ മരിച്ചെങ്കിലും ഉത്തരവാദികളായ കന്പനികൾക്കെതിരേ കേന്ദ്രം എന്തു നടപടിയെടുത്തുവെന്നതിൽ ഇനിയും വ്യക്തതയില്ല.
അന്താരാഷ്ട്രതലത്തിൽ വ്യാപക വിമർശനമുയരുകയും ഇന്ത്യ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സംഭവത്തിൽ ദുരന്തത്തിനുത്തരവാദികളായ ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്, ഡൽഹിയിലെ മാരിയോണ്‍ ബയോടെക് എന്നീ കന്പനികൾക്കെതിരേയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ (സിഡിഎസ് സിഒ) തയാറായില്ല.
വിവരാവകാശ നിയമപ്രകാരം (ആർടിഐ) ഉന്നയിച്ച ചോദ്യത്തിനാണ് ആവശ്യമായ മറുപടി ലഭിക്കാത്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ആർടിഐ നിയമത്തിലെ ഒരു വകുപ്പ് ഉദ്ധരിച്ചായിരുന്നു സിഡിഎസ് സിഒ വിവരങ്ങൾ നൽകാതിരുന്നത്.
2022ൽ ഗാംബിയയിൽ 60ലധികം കുട്ടികളുടെ മരണത്തിനു മെയ്ഡൻ കാരണമായപ്പോൾ ഉസ്ബെക്കിസ്ഥാനിലെ 18 കുട്ടികളുടെ മരണത്തിനു കാരണം മാരിയോണ്‍ ബയോടെക്കായിരുന്നു. ഇതിനുപുറമെ മരുന്നിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം കണ്ടെത്തിയതിന് ഫോർട്ട്സ് (ഇന്ത്യ) എന്ന കന്പനിക്കെതിരേയും ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തിന് ഉത്തരവാദികളായ കന്പനികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഉത്പാദനം നിർത്തലാക്കിയിട്ടുണ്ടെന്നും ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്രം വിവരാവകാശ അപേക്ഷയ്ക്കു മറുപടി നൽകുന്നുണ്ടെങ്കിലും പിന്നീട് സ്വീകരിച്ച കുറ്റവിചാരണകളെക്കുറിച്ച് ഉത്തരം നൽകുന്നില്ല.
അതിനിടെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഇപ്പോഴും ഉത്പാദനം നടത്തുന്നുണ്ടെന്നും ഫാർമ ഉത്പന്നങ്ങൾ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും മറ്റൊരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മാരിയോണ്‍ ബയോടെക്കിന്റെ ഉത്പാദന ലൈസൻസാകട്ടെ ഹ്രസ്യകാലത്തേക്ക് റദ്ദ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും കന്പനിയുടെ മറ്റു ഡിവിഷനുകൾ പ്രവർത്തനക്ഷമമായി തുടരുകയും ആഭ്യന്തര, വിദേശ വിപണികളിൽ വ്യത്യസ്ത ഫോർമുലേഷനുകൾ വിൽക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടുണ്ട്.